ജമാഅത്തെ ഇസ്ലാമി ചരിത്രം

head quarters

1941 ഓഗസ്റ്റ് 26-ന് ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകരിൽ ഒരാളായ സയ്യിദ്‌ അബുൽ അ‌അ്‌ലാ മൗദൂദിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തനം കേരളത്തിൽ ആരംഭിക്കുന്നത് 1944-ലാണ്. മർഹൂം ഹാജി വി.പി. മുഹമ്മദലി എന്ന ഹാജിസാഹിബ് ജമാഅത്തിന്റെ പ്രഥമ കേന്ദ്രമായ പഞ്ചാബിലെ പഠാൻകോട്ടിലെ ദാറുൽ ഇസ്‌ലാമിൽനിന്ന് പ്രഥമ അമീർ കൂടിയായ മൗലാനാ മൗദൂദിയെ സന്ദർശിച്ച് തിരിച്ചെത്തിയ ശേഷം കോഴിക്കോട്ട് പ്രവർത്തനം ആരംഭിച്ചു. 1948 ജനുവരി 30-ന് കോഴിക്കോട്ടാണ് കേരളത്തിലെ ആദ്യത്തെ ഘടകം നിലവിൽ വന്നത്.
കോഴിക്കോട്ട് പട്ടാളപ്പള്ളിയിലെ ഖത്തീബായിരുന്ന ഹാജിസാഹിബ് (വി.പി. മുഹമ്മദാലി സാഹിബ്) അതോടൊപ്പം സ്വദേശമായ വളാഞ്ചേരിയിലും പ്രവർത്തിച്ചു. ആദ്യമേ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു ഘടകം സ്ഥാപിക്കുന്നതിനു പകരം, വളാഞ്ചേരിയിൽ ജമാഅത്തുൽ മുസ്തർശിദീൻ എന്ന പേരിൽ ഒരു സംഘടന രൂപവത്കരിക്കുകയും അതിന്റെ കീഴിൽ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി മുന്നോട്ടുകൊണ്ടു പോവുകയുമായിരുന്നു അദ്ദേഹം. നാലു വർഷങ്ങൾക്കു ശേഷം 1948-ൽ കോഴിക്കോട്ടും പിന്നീട് വളാഞ്ചേരിയിലും ജമാഅത്തെ ഇസ്‌ലാമിയുടെ ഓരോ ഘടകങ്ങൾ നിലവിൽവന്നു. തുടർന്ന് പതുക്കെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് ജമാഅത്തെ ഇസ്‌ലാമി വ്യാപിക്കുകയായിരുന്നു.