എസ്.ഐ.ഓ

വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള സംഘടനയാണ് എസ്‌.ഐ.ഒ. 1982 ഒക്ടോബർ 19-നാണ് എസ്.ഐ.ഒ രൂപവത്കരിച്ചത്. വിദ്യാർത്ഥിയുവജനങ്ങളിൽ ഇസ്‌ലാമിക പ്രബോധനം നിർവ്വഹിക്കുക, വിദ്യാർത്ഥിയുവജനങ്ങൾക്ക ഇസ്ലാമിനെ കുറിച്ച് ശരിയായ അറിവും ബോധവും നൽകി അവരെ വളർത്തിയെടുക്കുക, ഖുർആനും സുന്നത്തും അനുസരിച്ച് തങ്ങളുടെ ജീവിതം നയിക്കാൻ വിദ്യാർത്ഥി യുവജനങ്ങളെ സന്നദ്ധരാക്കുക, നൻമ പ്രോത്സാഹിപ്പിക്കുവാനും തിൻമ ഉച്ഛാടനം ചെയ്യുവാനും വിദ്യാർത്ഥികളെ സജ്ജരാക്കുക, വിദ്യാഭ്യാസ വ്യവസ്ഥയിൽ ധാർമികമൂല്യങ്ങളുടെ പരിപോഷണം സാധിക്കുന്നതിനും, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച പഠന-ധാർമിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ടി പരിശ്രമിക്കുക, സംഘടനയുമായി ബന്ധപ്പെടുന്നവരുടെ സർവ്വതോൻമുഖമായ വളർച്ചക്ക് സംവിധാനമുണ്ടാക്കുകയും, അവരുടെ കഴിവുകൾ വളർത്താനും അവയെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് പ്രയോജനപ്രദമാക്കാനും പരിശ്രമിക്കുകയും ചെയ്യുക തുടങ്ങിയവയാണ് സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ. 1983 ഫെബ്രുവരിയിലാണ് എസ്.ഐ.ഒ. കേരള സോൺ നിലവിൽ വന്നത്. ആദ്യകാലത്ത് വിദ്യാർത്ഥി-യുവജന പ്രസ്ഥാനമായിരുന്നെങ്കിലും കേരളത്തിൽ ഇപ്പോൾ വിദ്യാർത്ഥികളിൽ മാത്രമായാണ് സംഘടന പ്രവർത്തിക്കുന്നത്.
എസ്.ഐ.ഒവിനു കീഴിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ കൂട്ടായ്മയായി ടീൻസ് സർക്കിൾ പ്രവർത്തിക്കുന്നു. വിവിധ പ്രദേശങ്ങളിലെ ടീൻസ് സർക്കിളുകൾക്ക് കീഴിൽ ഒന്നോ രണ്ടോ ആഴ്ചകളിലൊരിക്കൽ നടക്കുന്ന യോഗങ്ങളിൽ കുട്ടികളെ ധാർമിക ശിക്ഷണം നൽകി ചിന്താ-കർമ്മ-സർഗ്ഗ ശേഷികളെ നിർമ്മാണാത്മകമായി തിരിച്ചുവിടുന്നതിനുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു.
വ്യത്യസ്തങ്ങളായ കലാ സാഹിത്യ സാംസ്കാരിക തലങ്ങളെ ഇസ്‌ലാമികമായി വിലയിരുത്തുകയും വികസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ എസ്.ഐ.ഒവിനു കീഴിൽ തന്നെ പ്രവർത്തിക്കുന്ന മറ്റൊരു വേദിയാണ് സംവേദന വേദി. ഗാന-പ്രഭാഷണ കാസറ്റുകൾ പുറത്തിറക്കുക, സാഹിത്യ ശിൽപശാലകൾ, നാടക ക്യാമ്പുകൾ, പ്രദർശനങ്ങൾ, ചർച്ചാ സംഗമങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുക തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ സംവേദനവേദി സംഘടിപ്പിക്കുന്നു.
പണമില്ലാത്തതിന്റെ പേരിൽ വിദ്യാഭ്യാസം മുടങ്ങുന്ന കുട്ടികളെ സഹായിക്കാൻ മർഹമ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സഹായ ഫണ്ടും എസ്.ഐ.ഒ നടത്തിവരുന്നു.